ഓർമ്മകൾ


 ജീവിതം കൊണ്ട് സർവ്വരെയും കുടുകുടെ ചിരിപ്പിക്കുകയും മരണം കൊണ്ട് നിശ്ശബ്ദം കരയിപ്പിക്കുകയും ചെയ്ത ഒരാൾ  ആറങ്ങോട്ടുകരയിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ്  ആറങ്ങോട്ടുകര സുലൈമാൻ.


ചിരിക്കാനും ചിരിപ്പിക്കാനുമായി ഒട്ടുമിക്ക സുഹൃത്തുക്കളും  അയാളുടെ ലാവണം അന്വേഷിച്ചു ചെല്ലുകയായിരുന്നു. അക്കൂട്ടത്തിൽ കുട്ടികളും മുർന്നവരും ഉണ്ടായിരുന്നു. വിശ്വാസികളും നിരീശ്വര വാദികളും ഉണ്ടായിരുന്നു. സ്വന്തം പാർട്ടിയിലുള്ളവരും എതിരാളികളും ഉണ്ടായിരുന്നു. ചിരിക്കാൻ വേണ്ടി മാത്രം, ചിരിപ്പിക്കാൻ വേണ്ടി മാത്രം ജനിച്ചതായിരുന്നു സുലൈമാൻ എന്നു പോലും തോന്നിപ്പോകുന്ന വിധം അകാലത്തിൽ ജീവിതത്തിന്റെ കാലാവധി പൂർത്തിയാക്കി കാലയവനികയിൽ മറഞ്ഞ പ്രിയപ്പെട്ട സുഹൃത്ത്. നല്ലൊരു കലാഹൃദയൻ. അതിലുപരി സഹൃദയൻ.


എന്നാൽ സുലൈമാൻ പ്രത്യേകിച്ചു തമാശകളൊന്നും  പറയുമായിരുന്നില്ല എന്നതാണ് സത്യം. എന്തു പറഞ്ഞാലും അത് തമാശയായി മാറുന്ന ഒരു മറിമായം ആ ഭാവപ്രകടനങ്ങളിൽ ഉണ്ടായിരുന്നു എന്നതാണ് അതിന്റെ . ഏതു വിഷയമായാലും എല്ലാവരെയും ശ്രദ്ധിച്ചു കേൾക്കുകയും തന്റെ അഭിപ്രായം തുറന്നടിച്ചു പറയുകയും ചെയ്യും.  ഏതു വിഷയത്തെക്കുറിച്ചും തന്റെ മനസ്സിൽ തോന്നുന്നതെല്ലാം മറ്റുള്ളവരോടും പങ്കുവയ്ക്കും. അതേ സമയം തന്റെ എതിർ പാർട്ടിയെ, അല്ലെങ്കിൽ എതിർ ചേരിയിലുള്ളവരെ നിശിതമായി വിമർശിക്കുകയും ചെയ്യും. ദൈവത്തെപ്പോലും വെറുതെ വിട്ട ചരിത്രമില്ല.


എല്ലാവർക്കും ഹൃദ്യമായി അനുഭവപ്പെടുന്ന ഒരു നിഷ്ക്കളങ്കത്വം മാത്രമേ ആ മുഖത്തുണ്ടായിരുന്നുള്ളൂ. ചെറിയ ചില പിണക്കങ്ങളൊഴിച്ചാൽ ആരോടും വ്യക്തിപരമായ അകൽച്ചയും വൈരാഗ്യവുമൊന്നും കാണിക്കാത്ത ഒരു സാധാരണ മനുഷ്യൻ.. 


സുലൈമാൻ വിടവാങ്ങിയിട്ട് ഇരുപത് വർഷമെങ്കിലും ആയിട്ടുണ്ടാകും. ഇക്കാലയളവിൽ എന്നെപ്പോലെ മിക്കവരും ഇടക്കിടക്കെല്ലാം സുലൈമാനെ ഓർത്ത് നഷ്ടബോധത്താൽ ഒരു നിമിഷമെങ്കിലും മൗനിയായിട്ടുണ്ടാകും.


അതു തന്നെയാണ് ആ ഓർമ്മകൾക്ക് മുമ്പിൽ സമർപ്പിക്കുന്ന പ്രണാമവും.

Post a Comment

0 Comments