കഥയുടെ കലാകാരൻ
ഒന്നിനൊന്നായ് പലപാത്രങ്ങളാകുന്നു
ഒന്നൊഴിഞ്ഞാൽ വേറെയൊന്നു നിറയുമി-
ക്കണ്ണിൻ തിളക്കം പകർന്നാട്ടമായ് വരും.
( “എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു ഞാൻ” : അയ്യപ്പപ്പണിക്കർ )
തന്നെ മറ്റുള്ളവരോട് സാത്മ്യം പ്രാപിപിച്ച് വിവിധ സ്തോഭങ്ങളുടെ പകർന്നാട്ടം നടത്തുന്ന ഒരു കഥാകാരനാണ് ആറങ്ങോട്ടുകര മുഹമ്മദ്. ജീവിസ്നേഹമാണ് അതിന്നാധാരം. പ്രകൃതിയാണ് അതിന്റെ മൂല ശ്രുതിയും മൂല്യ ശ്രുതിയും. ഇടപഴകലും ഇടപെടലും കൊണ്ട് മനുഷ്യപ്പറ്റു നിറഞ്ഞ ഗാഥകളാണ് മുഹമ്മദ് സൃഷ്ടിച്ചിട്ടുള്ളത്.
“എന്തു സ്നേഹം ? അതൊക്കെ ജീവിതമല്ലേ ! വെറും അഭിനയം മാത്രം !”
“ആവാതിരിക്കട്ടെ. എന്നാ നമുക്ക് അടുത്ത സീനിലേക്കു പോകാം. അവരെ അടുത്ത എപ്പിസോഡിൽ കാണാം.”
“അല്ലാതെന്തു ചെയ്യാൻ ? അഭിനയമല്ലേ... എങ്ങനെയെങ്കിലും ജീവിക്കണ്ടേ...”
(വാർദ്ധക്യപുരാണം)
-ഇങ്ങനെ ചില കഥകളുടെ സമാപ്തി കുറിച്ചിരിക്കുന്നതും കാണാം. ഏറെ ആർദ്രമായ കഥാഗതിക്ക് ഇങ്ങനെയൊരന്ത്യം വിരുദ്ധകാലത്ത്, വിപരീത ലോകത്ത് അനിവാര്യമാക്കാം.
ദുരന്തത്തിന്റെ മുഖത്തു നോക്കി ഉപഹസിച്ചു നിൽക്കാൻ കലാകാരൻ നിർബന്ധിതമാകുന്നു. സത്യത്തിന്റെ സ്ഥാനത്ത് അസത്യവും സ്നേഹത്തിന്റെ സ്ഥാനത്ത് വെറുപ്പും -- അങ്ങനെ സാത്വികതയ്‌ക്കു പകരം ആസുരശക്തികൾ വർത്തിക്കുന്ന ഇക്കാലത്ത് ആത്മാർഥതയെന്ത്, നാട്യമേത് എന്ന് തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. സത്യാനന്തരയുഗത്തിന്റെ കോമാളി വേഷങ്ങളായിത്തീർന്നിരിക്കുന്നു, മനുഷ്യ ജന്മങ്ങൾ. വാക്കും നാക്കും നോക്കുമെല്ലാം മാറ്റിമറിക്കപ്പെട്ട, യന്ത്രവൽക്കരിക്കപ്പെട്ട, അവസ്ഥയിൽനിന്ന് മനുഷ്യ മനസ്സിനെ മോചിപ്പിക്കുവാനുള്ള യത്നത്തിൽ കലാകാരനും അവന്റെതായ എളിയ പങ്കു വഹിക്കാനുണ്ട്. അതാണ് മുഹമ്മദിന്റെ കഥകളുടെ പ്രസക്തി.
“ഭാവിയെക്കുറിച്ചോർത്താൽ തലയ്ക്കുള്ളിൽ ഒരു ഇരുട്ടും പുകച്ചിലുമാടോ... ആ സങ്കടം മനസ്സിൽനിന്നും പോകുന്നില്ലെടോ... തനിക്ക് മനസ്സിലാവോ ? നമ്മുടേതെന്ന് അഭിമാനത്തോടെ പറയാൻ ഒന്നെങ്കിലുമില്ലെങ്കിൽ പിന്നെ ജീവിതമെന്നു പറയുന്നത് എന്തിനുള്ളതാടോ ?”
( ഭൂതകാലത്തിന്റെ അടയാളങ്ങൾ )
-ഇങ്ങനെ മനുഷ്യരെ കൂട്ടിയിണക്കുന്ന ഒരു കാന്തശക്തി മുഹമ്മദിന്റെ വാക്കുകളിലുണ്ട്. കുടുംബബന്ധങ്ങളുടെയും നാട്ടിണക്കത്തിന്റെയും ചേരുവയിലൂടെ മനുഷ്യസ്വത്വം തേടുകയാണ് കഥാകാരൻ.
കുന്നുകളുടെയും പള്ള്യാലുകളുടെയും പാടങ്ങളുടെയും വെയിലിന്റെയും നിലാവിന്റെയും ഇരുളിന്റെയും രംഗഭൂമിയിൽ നടക്കുന്ന ജീവിതത്തിന്റെ വിതയും കൊയ്ത്തും ഈ കഥകൾ അനുഭവിപ്പിക്കുന്നുണ്ട്.
അമ്മയെ നിരുപാധികസ്നേഹത്തോടെ നിത്യം നെഞ്ചേറ്റുന്ന മകളും അമ്മേടെ വസ്തുവിൽ കണ്ണും നട്ട് തറവാട്ടിൽ കഴിയുന്ന സഹോദരന്മാരും മനസ്ഥിതികളുടെ വൈരുധ്യം വെളിപ്പെടുത്തുന്നു. ഈ വാർധക്യപുരാണവർത്തമാനത്തിലെ എങ്കോണിപ്പുകൾ പോലെത്തന്നെ ഒട്ടേറെ വിഷമതലങ്ങൾ നിറഞ്ഞതാണ് മറ്റു കഥകളും.
“സമനിലയുള്ള ഒരു പുഴ പോലെ ഒഴുക്കു നന്നേ കുറഞ്ഞുപോയ അമ്മയുടെ വാക്കുകൾ” മകളുടെ സ്നേഹാധിക്യത്താലുള്ള സഹനത്തെയും ആൺമക്കളുടെ കറുത്ത മുഖത്തെയും വെളിപ്പെടുത്തുന്നുണ്ട്.
“അറിയപ്പെടാനുള്ളതല്ല | ഒരമ്മയ്ക്കുള്ള ആലശീലകൾ” ( ഇടശ്ശേരി ) എന്ന് ഓർമ്മിപ്പിക്കുന്നു, വൃദ്ധയായ അമ്മയുടെ സ്വരൂപം.
-ഇത്രയും വൈകാരിക വിക്ഷോഭമുള്ള കഥയും ഉപഹാസത്തോടെ അവസാനിപ്പിക്കാനാണ് കഥാകാരന്റെ ശ്രമം:
“-എന്തു സ്നേഹം? അതൊക്കെ ജീവിതമല്ലേ ! വെറും അഭിനയം മാത്രം-“
“ആവാതിരിക്കട്ടെ... എന്നാ നമുക്ക് അടുത്ത സീനിലേക്ക് പോകാം... അവരെ അടുത്ത എപ്പിസോഡിൽ കാണാം.”
ഈ പര്യവസാനം കഥാകൃത്ത് കൈക്കൊള്ളുന്ന ഒരു സാങ്കേതികത്തിരിവാണ്. ജീവിതത്തെ എപ്പിസോഡുകളാക്കി മുറിച്ചിട്ട, വാണിജ്യവൽകൃതമായ, രംഗപാഠങ്ങളാക്കി മാറ്റുന്നതിലൂടെ സമീപകാലത്ത് നമ്മുടെ സ്വപ്നങ്ങൾ എത്രമാത്രം ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു, അപഹരിക്കപ്പെട്ടിരിക്കുന്നുവെന്നു കൂടി ധ്വനിപ്പിക്കുന്നുണ്ട്.
"ഏതോ ഒരു കുടുംബ സീരിയലിലെ സ്നേഹിക്കിടക്ക" എന്ന പ്രയോഗം അർഥദൈർഘ്യമുള്ള ഒരു ചിഹ്നമാവുന്നു. നമ്മുടേതെന്ന് അഭിമാനത്തോടെ പറയാൻ ഒന്നെങ്കിലുമില്ലാത്ത അവസ്ഥയ്ക്കെതിരെയാണ് മുഹമ്മദ് നമ്മെ നയിക്കുന്നത്.
ഒമാനിലെ ചുഴലിക്കൊടുങ്കാറ്റിൽ പെട്ട ആസിയയുടെയും മക്കളുടെയും കഥ വെറുമൊരു പ്രവാസി വിചാരമല്ല. അവളുടെ നിൽപ് ശീലയില്ലാത്ത ഒരു കുട പോലെ നിൽക്കുന്ന വേപ്പിൻ ചുവട്ടിലാണ്. ആസിയ നടത്തി വന്നിരുന്ന കടയ്ക്ക് വലിയ കേടുപാടുകളൊന്നും വന്നിട്ടില്ലെങ്കിലും ഇനി അതു തുറക്കേണ്ടെന്ന് പെൺമക്കൾ ആജ്ഞാപിച്ചിരിക്കയാണ്. മഹറിനെ പറ്റിയൊന്നും ചിന്തിക്കേണ്ടന്നും സൽസ്വഭാവികളായ ചെറുപ്പക്കാർക്ക് പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കണമെന്നുമാണ് കഥാപാത്രമായിത്തീർന്ന കഥാകൃത്ത് ഉപദേശിക്കുന്നത്. അവളുടെ മനോനിലയെന്തെന്ന് കഥാകൃത്തിന്റെ ചിത്രണകലയിൽ വെളിപ്പെടുന്നുണ്ട്:
“കാറും വെളിച്ചവും മാറിമാറിത്തെളിഞ്ഞ ആകാശം പോലെ സ്വാർത്ഥമായ മൗനം മാത്രം ഉൾക്കൊണ്ട് മണലിൽ എന്തൊക്കെയോ അവരെഴുതിക്കൊണ്ടിരുന്നു. ഞാൻ യാത്ര പറഞ്ഞു വണ്ടിയിൽ കയറിയിട്ടും, പെൺകൂട്ടത്തിൽ കലരാതെ കണ്ണുകൾകൊണ്ട് കടൽദൂരങ്ങൾ തുഴഞ്ഞ് അവർ വേപ്പുമരത്തിൽ ചാരിനിന്നു- “
ഇങ്ങനെ സംഭവ കഥനത്തിനപ്പുറത്തേയ്ക്ക്, കണ്ണീരുപ്പ് നിറഞ്ഞ ഹൃദയതലങ്ങളിലേയ്ക്ക്, ഒരമ്മയുടെ കടലാഴങ്ങളിലേയ്ക്ക്, വായനക്കാരന്റെ വിചാരങ്ങളെ കൊണ്ടുപോകുന്ന കലാ തന്ത്രത്തിലാണ് നാം ശ്രദ്ധയൂന്നേണ്ടത്.
സൂക്ഷ്മാനുഭവങ്ങൾ പെരുകിപ്പെരുകി ഒടുവിൽ ഒരു സ്ഥൂല ദൃശ്യത്തിൽ കൊണ്ടു പോയി മുട്ടിക്കുന്ന വിധത്തിലാണ് ആസിയാമ്മയുടെ ജീവിതം ആവിഷ്കരിച്ചിട്ടുള്ളത്. അതാണ് ലക്ഷക്കണക്കിന് കടൽക്കാക്കകളായ നൗറാസുകൾ ഒച്ചവെച്ചു പറക്കുന്ന കടൽത്തീരത്തിൽ “ക്ലോസപ്പി”ലൂടെ കാട്ടിത്തരുന്നത്. പുരുഷ മേൽക്കോയ്മയുടെയും വ്യവസ്ഥാപിത മതദാർഢ്യത്തിന്റെയും ചരിത്രം തിരുത്തിക്കുറിക്കുവാൻ ആ അമ്മയ്ക്ക് കഴിയുമോ എന്നാണ് കഥാകൃത്ത് ഉൽക്കണ്ഠപ്പെടുന്നത്.
"എന്നെങ്കിലും ഒരു കാക്കയെങ്കിലും മലർന്നുപറന്ന് അവയുടെ വംശചരിത്രം തിരുത്തിക്കുറിക്കുമോ ?"
“എങ്കിൽ, അതിമോഹങ്ങളില്ലാതെ അത് വിധിയെ തോൽപ്പിക്കുമെങ്കിൽ മാത്രം ഇതൊരു കഥയായി മാറും” എന്ന ഭാവിപരമായ ഒരു സംത്രാസം ഈ രചന അടയാളപ്പെടുത്തുന്നു.
-ഇങ്ങനെ കഥ വ്യാഖ്യാനമായി മാറുന്നിടത്താണ് അതിന്റെ പൊരുൾ തിളയ്ക്കുന്നത്.
“പോളിങ് ബൂത്ത് പാത്തുട്ടിയെ തേടിയെത്തുന്നതിനു എത്രയോ മുമ്പുതന്നെ ചിഹ്നങ്ങളും ചിത്രങ്ങളുമില്ലാത്ത മറ്റൊരു ലോകം സന്തോഷത്തോടെയും സമാധാനത്തോടെയും പത്തുട്ടിയെ തിരഞ്ഞെടുത്തു.”
( പാത്തുട്ടിയുടെ വോട്ട് ), ഇസഹാഖ് എന്ന മകന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ “അമ്മനാട്യങ്ങൾ” വാരിക്കൂട്ടുന്ന ലൈക്കുകൾക്കെതിരെയുള്ള കഥാകൃത്തിന്റെ പ്രതിഷേധപ്രതിരോധങ്ങൾ (നബീസുവിന്റെ അപ്ഡേറ്റുകൾ ), രക്തസാക്ഷി മണ്ഡപത്തിന്റെ വിണ്ടുകീറിയ ശിലാഫലകത്തിൽ തട്ടിത്തടഞ്ഞു വീണിട്ടും, ദേശീയപതാക കൈയിലുയർത്തി “വന്ദേമാതരം” ആലപിക്കുന്ന ചെറുപ്പക്കാരൻ ( അടന്തക്കൂറ് ), ഭാഗ്യവാന്റെയും നിർഭാഗ്യവാന്റെയും സൗഹൃദ സ്മരണകളുടെ സമാന്തര യാത്ര ( ദൈവഹിതം ), മണത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്രയിൽ, സ്വപ്നങ്ങളിൽ, ഭഗവതിപ്പൊരുൾ നിറയുന്ന കാഴ്ചകൾ ( കൈതൊലയുടെ മണം ), അപ്രാപ്യമായ മലനിരകളെ കീഴടക്കി മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞെങ്കിലെന്നാശിക്കുന്ന പ്രവാസിയായ തന്നാബിന്റെ ദുസ്വപ്നങ്ങൾ ( തന്നാബ് ), കയ്യുമ്മയുടെ ഖബറിൻ തലയ്ക്കൽ പുതുമണ്ണിൽ ഉറച്ചുപോയ കുട്ടിക്കമ്മു എന്ന സ്മാരകശില( ഖബർസ്ഥാനിലെ കല്ല് ), ഉസ്മാനായി മാറിയ കോരൻ ജീവിതത്തിൽ ആദ്യമായി നിവർന്നു നിന്ന് കത്യേമുവിനെ നോക്കുന്ന രംഗം (പൊരുത്തപ്പെട്ട് ),
അവറാന്റെ മരണത്തോടെ ശാലിനിക്കുട്ടിയുടെ അമ്മയിൽ ഉണരുന്ന അനുരാഗ സ്മരണകൾ ( കണ്ണോക്ക് ), ഭൂലോക വാസത്തിന്റെ അധിഷ്ഠാനമായ പ്രകൃതിയെ നമ്മളിലേയ്ക്കാവഹിക്കുകയും “പ്ലാസ്റ്റിക്ക് ചിരികൾ”ക്കെതിരെ പ്രതിരോധമുയർത്തുകയും ചെയ്യുന്ന പഴയ അച്ഛൻ
( നിശ്ശബ്ദമായ നിലവിളികൾ )
-ഇങ്ങനെ മനുഷ്യാസ്തിത്വത്തിന്റെ വിവിധതരം പ്രഹേളികകളാണ്, പച്ചജീവന്റെ കീറിമുറിക്കപ്പെട്ട വേദനകളാണ്, നിഴലും വെളിച്ചവും മാറി മാറി പ്രതിഫലിപ്പിക്കുന്ന ഭാഷയിൽ ശ്രീ. മുഹമ്മദ് ആവിഷ്കരിച്ചിട്ടുള്ളത്. കലാപരമാണ്, ദാർശനികമാണ്, സമകാലികമാണ് കഥാകൃത്തിന്റെ സൃഷ്ടിയും സാത്മീകരണവും.
07 . 11 . 2021
ദേശമംഗലം രാമകൃഷണൻ


0 Comments